Saturday , October 4 2025, 4:49 am

‘ഉന്നയിക്കലുമായി ചില വാനരന്മാര്‍ ഇറങ്ങിയിട്ടുണ്ട്’; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍’ വോട്ട് വിവാദത്തില്‍ സുരേഷ് ഗോപി

തൃശൂര്‍: വോട്ടര്‍ പട്ടിക അഴിമതി വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇന്ന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാം. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ശക്തന്‍ തമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തും. ശക്തന്‍ തമ്പുരാന്‍ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തന്‍ പ്രതിമയില്‍ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിക്കുന്നത്.

 

 

Comments