Saturday , October 4 2025, 4:51 am

എയിംസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തര്‍ക്കം; സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ അഭിപ്രായ ഭിന്നത. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. മന്ത്രിയുടെ നിലപാടിനെതിരെ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആന്റണി ദേശീയ നേതൃത്വത്തില്‍ പരാതി നല്‍കി. എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്നും വികസനത്തില്‍ ഏറെ പിന്നോക്കം നല്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ ഈ മാസം 27 ന് കൊല്ലത്ത് വരുന്നുണ്ട്. എയിംസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കമ്മിറ്റിയില്‍ ജെ.പി നദ്ദ വ്യക്തമാക്കുമെന്നാണ് സൂചന. അതേസമയം എയിംസ് കോഴിക്കോട് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ 200 ഏക്കര്‍ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലരും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്.

Comments