Saturday , October 4 2025, 4:53 am

വഖഫ് നിയമഭേദഗതി: വിവാദ വകുപ്പുകള്‍ക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്‌റ്റേ

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ ചിലത്‌ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാദ വ്യവസ്ഥകളില്‍ ചിലത് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണം നാലായും സംസ്ഥാന കൗണ്‍സിലില്‍ മൂന്നായും കോടതി നിജപ്പെടുത്തി. അതേസമയം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. രജിസ്റ്റര്‍ ചെയ്യുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നു പറഞ്ഞ കോടതി രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടീ നല്‍കിയിട്ടുണ്ട്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റേ നല്‍കാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമം ലോക്‌സഭയില്‍ ഏപ്രില്‍ മൂന്നിനും രാജ്യസഭയില്‍ ഏപ്രില്‍ നാലിനുമാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയത്. രാഷ്ട്രപതി ഏപ്രില്‍ 5ന് നിയമത്തിന് അംഗീകാരവും നല്‍കി. കഴിഞ്ഞ മെയ് 22 നാണ് നിയമത്തിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമാണെന്നും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണെന്നും ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമായിരുന്നു ഹരജിക്കാര്‍ വാദിച്ചത്. അഞ്ചുവര്‍ഷം മുസ്സീ മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കള്‍ക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥയെയും ഹരജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.

നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്സാമിലെ അനിവാര്യമായ മതാചാരമല്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നും് കേന്ദ്രം വാദിച്ചു.

Comments