ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നതായാണ് അടുത്തിടെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ക്യാന്‍സര്‍ മരണങ്ങളില്‍ ഏറിയ പങ്കും സ്തനാര്‍ബുദം മൂലമാണെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമതായി ശ്വാസകോശ അര്‍ബുദവും തൊട്ടുപിന്നില്‍ അന്നനാളത്തിലെ ക്യാന്‍സറുമാണ്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ 26.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗംമൂലമുള്ള മരണത്തില്‍ 204 രാജ്യങ്ങളില്‍ ഇന്ത്യ 168ാം സ്ഥാനത്താണ്. രോഗസ്ഥിരീകരണം വൈകുന്നതാണ് പലപ്പോഴും മരണനിരക്ക് കൂടാന്‍ കാരണമാകുന്നത്.
2023ല്‍ ലോകത്താകമാനം ഒരുകോടി എണ്‍പത്തിയഞ്ച് ലക്ഷം പുതിയ ക്യാന്‍സര്‍ കേസുകളും ഒരുകോടി നാലുലക്ഷം ക്യാന്‍സര്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുകയില ഉപയോഗം, ഭക്ഷണരീതി, അണുബാധ, മലിനീകരണം തുടങ്ങിയവയാണ് ക്യാന്‍സര്‍ രോഗത്തിന്റെ പ്രധാന കാരണങ്ങള്‍. ലോകത്ത് ഹൃദയാഘാതം കഴിഞ്ഞാല്‍ രണ്ടാമതായി മരണ കാരണമാകുന്ന രോഗമാണ് ക്യാന്‍സര്‍. വരുംദശകങ്ങളില്‍ രോഗവ്യാപനത്തില്‍ കുതിപ്പുണ്ടാകുമെന്നും വികസ്വര രാജ്യങ്ങളിലാണ് ക്യാന്‍സര്‍ കേസുകളില്‍ വന്‍കുതിപ്പുണ്ടാകുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.