Thursday , June 26 2025, 3:57 pm

ഈ മൂന്ന് പാനീയങ്ങൾ കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്ന് പഠനം: എങ്ങനെ ഇതിനെ മറികടക്കാം

ഡയറ്റ് സോഡ, പഞ്ചസാരയിട്ട കോഫി, രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്നത്, ഇത്തരം കാര്യങ്ങൾ പതിവാകിയവരാണോ നിങ്ങൾ, എന്നാൽ ഇത്തരം പാനീയങ്ങൾ ചെറിയ അളവിൽ കുടിക്കുന്നത് പോലും അൽഷിമേഴ്‌സ് രോഗ സാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട്.

ഈ പാനീയങ്ങൾ വല്ലപ്പോഴും കുടിച്ചാൽ പോലും അത് അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്നാണ് ന്യൂറോ സയന്റിസ്റ്റ് റോബർട്ട് ഡബ്ല്യു.ബി. ലവ് പറയുന്നത്.

ഡയറ്റ് സോഡ

പഞ്ചസാര ഉപക്ഷിക്കുന്നവർക്കുള്ള സുരക്ഷിതമായ പാനീയമായാണ് ഡയറ്റ് സോഡയെ കണക്കാക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും ഡയറ്റ് സോഡ ആളുകൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിൽ കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ കുടിക്കുന്നവർക്ക് തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഡയറ്റ് സോഡക്ക് പകരം ഫ്രഷ് പൊതീന ഇലയും ഒരു തുള്ളി സിട്രസോ ഉപയോഗിച്ചുള്ള വെള്ളം പരീക്ഷിച്ചു നോക്കാം.

പഞ്ചസാര ചേർത്ത കാപ്പി

കഫെ സ്റ്റൈലിലുള്ള ക്രീമി കോഫിയും മധുരം ചേർത്ത കോഫിയും ദിവസേന കുടിക്കുന്നതും അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുന്നു. ഇത്തരം കോഫികളിൽ 60 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ദൈനംദിന പരിധിയുടെ ഇരട്ടിയിലധികം വരും.

പഞ്ചസാര ഇൻസുലിൻ അളവ് വർധിപ്പിക്കുമെന്നും ഇത് കാലക്രമേണ തലച്ചോറിലെ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുമെന്നും റോബർട്ട് ലവ് വിശദീകരിക്കുന്നു. തലച്ചോറിന്റെ പ്രധാന ഊർജ്ജ സ്രോതസ്സായ ഗ്ലൂക്കോസിനെ പ്രോസസ്സ് ചെയ്യാൻ ഇൻസുലിൻ ആവശ്യമാണ്. പ്രതിരോധം വർധിക്കുമ്പോൾ, മസ്തിഷ്ക കോശങ്ങൾ പ്രവർത്തിക്കാൻ പാടുപെടും. ഇത് ഓർമ്മക്കുറവിനും തലച്ചോറിന്റെ തകർച്ചക്കും കാരണമാകും.

കറുവപ്പട്ടയോ മഞ്ഞളോ ചേർത്തുണ്ടാക്കുന്ന കാപ്പി തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. മധുരത്തിനായി, ഒരു ചെറിയ സ്പൂൺ തേനോ ശർക്കരയോ മിതമായ അളവിൽ ഉപയോഗിക്കാം.

പാട നീക്കിയ പാൽ

കൊഴുപ്പ് കുറഞ്ഞതും ഹൃദയാരോഗ്യത്തിന് ഗുണകരവുമായ പാനീയമായി സ്കിം മിൽക്ക് വളരെക്കാലമായി കണക്കാക്കപ്പെടുന്നുണ്ട്. കൊളസ്ട്രോൾ അല്ലെങ്കിൽ കലോറി ഉപഭോഗം നിയന്ത്രിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

വാസ്തവത്തിൽ, പാലിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നത് കൊഴുപ്പിൽ ലയിക്കുന്നതും തലച്ചോറിന്റെ സംരക്ഷണത്തിന് അത്യാവശ്യവുമായ എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളെ ഇല്ലാതാക്കുന്നു. ഇപ്പോൾ പല മുതിർന്നവരിലും സാധാരണമായ വിറ്റാമിൻ ഡിയുടെ കുറവ് വൈജ്ഞാനിക തകർച്ചയ്ക്കും അൽഷിമേഴ്‌സിനും ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റോബർട്ട് ലവ് മുന്നറിയിപ്പ് നൽകുന്നു.

ഇത്തരക്കാർ വിറ്റാമിൻ ഡി അടങ്ങിയ മധുരമില്ലാത്ത ബദാം അല്ലെങ്കിൽ ഓട്സും പാലിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇത്തരം പാനീയങ്ങൾ തുടക്കത്തിൽ ദോഷകരമായി തോന്നില്ലെങ്കിലും കാലക്രമേണ, അവ തലച്ചോറിന്റെ പ്രതിരോധശേഷിയെ പതുക്കെ ഇല്ലാതാക്കും. അൽഷിമേഴ്‌സ് ഒരു രാത്രികൊണ്ട് വരുന്ന രോഗമല്ലെന്ന് റോബർട്ട് ഡബ്ല്യു.ബി. ലൗവിന്റെ പഠനം നമ്മെ ഓർമ്മിപ്പിക്കുന്നു.

Comments