തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലെ നൂതന ആശയങ്ങള്‍ കണ്ടെത്തി അവ യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. വിദ്യാര്‍ഥികള്‍ക്ക് പരസ്പരം അറിവുപങ്കിടാനും പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനും എല്ലാ ജില്ലകളിലും ‘ഫ്രീഡം സ്‌ക്വയര്‍’ കള്‍ നിര്‍മിക്കാനാണ് പദ്ധതി. പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ഈ ഹൈടെക് ഹബ്ബുകളിലുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ നല്ലൊരു ആശയം കയ്യിലുണ്ടെങ്കില്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്.
പരസ്പരമുള്ള ഗവേഷണങ്ങള്‍, ഹാക്കത്തണുകള്‍, ശില്‍പശാലകള്‍, വ്യവസായ പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഈ ഹബ്ബുകളിലുണ്ടാകും. അതായത് ഒരാശയവുമായി ഒരു വിദ്യാര്‍ത്ഥി വന്നാല്‍ അതൊരു ബിസിനസോ ഉല്‍പന്നമോ ഒക്കെയാക്കി തിരിച്ചുപോകാം. തിരുവനന്തപുരത്താണ് ആദ്യത്തെ ഫ്രീഡം സ്വകയര്‍ നിര്‍മിക്കുക. ഇതിനായി പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക്ക സമീപത്തെ വിനോദ സഞ്ചാര വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കര്‍ സ്ഥലം ഉപയോഗിക്കും. തുടര്‍ന്ന് എല്ലാ ജില്ലകളിലും സ്ഥലങ്ങള്‍ കണ്ടെത്തി ഹബ്ബുകള്‍ തുടങ്ങും.
നാലുകോടി രൂപ ചിലവില്‍ 20000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുക. മറ്റൊരു പ്രത്യേകത അതാത് ജില്ലകളില്‍ നിന്നുള്ള ആര്‍കിടെക്റ്റുമാരേയും ഡിസൈനര്‍മാരേയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളേയും ഒരുമിച്ച് കൂട്ടിയാണ് ഓരോ ജില്ലയിലേയുംഫ്രീഡം സ്‌ക്വയര്‍ രൂപകല്‍പന ചെയ്യുക.