Saturday , October 4 2025, 6:59 am

ചൂരൽമല ദുരന്തം: പാറയിലുണ്ടായ ചെറിയ വിള്ളൽ ഉരുൾപൊട്ടലിന് കാരണമായി – ഡോ. സജിൻ കുമാർ

കോഴിക്കോട്: വെള്ളരിമലയിലെ പാറയിലുണ്ടായ ചെറിയവിള്ളലാണ് ചൂരൽമലയിലെ വൻ നാശനഷ്ടംവിതച്ച ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്ന് പ്രമുഖ ജിയോളജിസ്റ്റും അദ്ധ്യാപകനുമായ ഡോ. കെ എസ് സജിൻ കുമാർ. 2018-നും 2021-നുമിടയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളരിമലയിലെ പാറയിൽ വിള്ളലുണ്ടായത്. അന്നുണ്ടായ ചെറിയ വിള്ളൽ 2024ൽ  കാണാവുന്നവിധം വലുതായെങ്കിലും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാാശാലയിലെ ജിയോളജി വിഭാഗം അസി. പ്രൊഫസറാണ് കെ എസ് സജിൻകുമാർ.

2024 ൽ പ്രദേശത്ത് പെയ്ത തീവ്ര മഴ പിന്നീട് ദുരന്തത്തിലേക്ക് നയിച്ചു. 586 മില്ലിമീറ്റർ മഴയാണ് രണ്ടുദിവസം കൊണ്ട് പെയ്തത്. 22,88,100 ട്രക്കിൽ കൊള്ളുന്നയത്ര കല്ലും മണ്ണുമാണ് ഉരുൾപൊട്ടലിൽ ഒഴുകിപ്പോയത്. മണ്ണൊലിച്ചു പോയതിൽമാത്രം 5720 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അടിസ്ഥാനമാക്കി ഐഐഎമ്മിൽ നടന്ന ‘ദുരന്തപ്രതിരോധവും കാലാവസ്ഥ അനുയോജ്യവത്കരണവും’ എന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുണ്ടക്കൈയിലെ സീതമ്മക്കുണ്ടിന് തൊട്ടുമുകളിലുള്ള നല്ല കാഠിന്യമുള്ള പാറയിൽ ഉരുൾപൊട്ടിയൊഴുകിവന്ന പാറയും കല്ലും മണ്ണും മരങ്ങളും തട്ടിനിന്നതിനെ തുടർന്നുണ്ടായ കുപ്പിക്കഴുത്താണ് ഡാമുപോലെ രൂപപ്പെടാനും വലിയ നാശമുണ്ടാവാനും കാരണം. കേരള സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡാമുപോലെ രൂപപ്പെട്ടിരുന്നില്ലെങ്കിൽ മൂന്നുഗ്രാമം നശിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാനുഷികമായ ഒരു ഇടപെടലും അവിടെയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments