കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മേയര്‍ ബീനാ ഫിലിപ്പും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍, പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനല്‍ ബോര്‍ഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിലെ വൈദ്യുതീകരണത്തില്‍ അപാകതയുണ്ടെന്ന് കഴിഞ്ഞ ദിവസം കെ.എ.സ്.ഇ.ബി വിഭാഗവും കോര്‍പറേഷന്‍ ഇലക്ട്രിക്കല്‍ വിങ്ങും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബസ്റ്റാന്റ് കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിലും തൊട്ടടുത്തുള്ള കടകളിലും ഞായറാഴ്ച രാത്രിയാണ് വന്‍ തീപിടിത്തം ഉണ്ടായത്. ആറ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമക്കാന്‍ സാധിച്ചത്.
DeToor reflective wanderings…