കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ആകാമെന്നാണ് കോടതി ഉത്തരവിട്ടത്. അഡ്മിഷന് വേണ്ടി ഇവരെ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെയാണ് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകുമെന്നും പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചത്.
ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് മരിച്ചത്. പ്രതികളായ വിദ്യാര്‍ഥികള്‍ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു പരീക്ഷ എഴുതിയത്.