തിരുവനന്തപുരം: ചൂട് കൂടിയ അവധിക്കാലത്തിന് പകരം തണുത്ത അവധിക്കാലമായാലോ? അത്തരമൊരു സാധ്യതയുടെ സൂചന നൽകിയിരിിക്കയാണ് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വന്നത്.
വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്നും മന്ത്രിയുടെ പോസ്റ്റിലുണ്ട്. “കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുളള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്” എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണ് മന്ത്രിയുടേതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ ടി.വി. രാജേഷ് പോസ്റ്റിൻ്റെ താഴെ പ്രതികരിച്ചത്. കുട്ടികള്‍ക്ക് പാടത്തും പറമ്പിലും കളിച്ചുതിമിര്‍ക്കാന്‍ കിട്ടുന്ന ഒരേയൊരു സമയമാണ് വേനലവധിയെന്നും അത് ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ വീടുകളുടെ ഉള്ളകങ്ങളിൽ തളച്ചിടപ്പെടുമെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.