ന്യൂഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാമെന്നും ഹരജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്.
നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം വധശിക്ഷയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷയ്ക്ക് പുതിയ തിയ്യതി നിശ്ചയിക്കണമെന്ന് സഹോദരന്‍ യമന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും സഹോദരന്‍ സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ പറഞ്ഞു.