Friday , October 31 2025, 4:38 am

ഇനി ട്രൂ കോളറിനു വിട ; വിളിക്കുന്നയാളുടെ യഥാർത്ഥ പേര് നേരിട്ട് ഫോണിൽ കാണാം

ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി.       

         ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് CNAP വരുന്നത്. നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്നാപ് വഴി, സിം കണക്ഷൻ എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേര് ആയിരിക്കും മൊബൈലിൽ തെളിഞ്ഞ് വരിക. ഇത് സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഒരു പരിധി വരെ തടയാൻ സഹായിക്കും.

           ഈ വർഷം അവസാനത്തോടെ സേവനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇപ്പോൾ ഔദ്യോഗികമായി മാർച്ച് 2026 വരെയാണ് ടെലികോം കമ്പനികൾക്ക് സമയപരിധി നൽകിയിട്ടുള്ളത്.പൈലറ്റ് പരീക്ഷണങ്ങൾ: വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്പനികൾ ചില വടക്കൻ സർക്കിളുകളിൽ നിലവിൽ പൈലറ്റ് പ്രോജക്റ്റുകൾ നടത്തുന്നുണ്ട്.

        ഒരു നെറ്റ്‌വർക്കിൽ നിന്നുള്ള കോൾ മറ്റൊരു നെറ്റ്‌വർക്കിലെ ഉപയോക്താവിന് കൃത്യമായി caller-ന്റെ പേര് പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇന്റർഓപ്പറബിലിറ്റി ടെസ്റ്റുകൾ ടെലികോം കമ്പനികൾ പൂർത്തിയാക്കേണ്ടതുണ്ട്.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നൽകിയ ശുപാർശകളും, ടെലികോം വകുപ്പിന്റെ നിർദ്ദേശങ്ങളും അനുസരിച്ച്, സ്നാപ് സേവനം എല്ലാ ഉപയോക്താക്കൾക്കും സ്വയമേവ (By Default) ലഭ്യമാകും. എന്നിരുന്നാലും, ആവശ്യമില്ലാത്തവർക്ക് തങ്ങളുടെ സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചർ ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടാകും.ആദ്യ ഘട്ടത്തിൽ 4G, 5G നെറ്റ്‌വർക്കുകളിലെ ഉപയോക്താക്കൾക്കായിരിക്കും ലഭിക്കുക. പഴയ 2G, 3G നെറ്റ്‌വർക്കുകളിൽ ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക സാധ്യതകൾ പിന്നീട് പരിശോധിക്കും. പുതിയ ഫീച്ചർ നടപ്പിലാക്കുമ്പോൾ രാജ്യത്തെ മൊബൈൽ ആശയവിനിമയരംഗത്ത് സുതാര്യതയും വിശ്വാസ്യതയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം തട്ടിപ്പുകാര്‍ക്ക് തേർഡ് പാർട്ടി ആപ്പുകളിലേത് പോലെ പേര് മാറ്റി വിലസാനുമാകില്ല.

Comments