Saturday , August 2 2025, 1:37 am

പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്രതോമസ്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് വിശദീകരണം

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസെത്തിയത് പര്‍ദ്ദ ധരിച്ച്. ചില ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പര്‍ദ്ദ ധരിച്ചതെന്നും പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിച്ചത്. സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും പോലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര പറഞ്ഞു.

സംഘടന കുറച്ചുകാലമായി ചില ആളുകളുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് മത്സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നെ അപമാനിച്ചവരെ സംഘടന സംരക്ഷിക്കുന്നുവെന്നും ഇതിനെതിരെ കൂടിയുള്ള പ്രതിഷേധമായാണ് മത്സരിക്കുന്നതെന്നും സാന്ദ്ര പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് സംഘടനാ ഭാരവാഹികള്‍ക്കെതിരെ നേരത്തേ സാന്ദ്ര പരാതി നല്‍കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. സംഘടന യോഗത്തില്‍ വച്ച് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫും തന്നെ അപമാനിച്ചു എന്നാണ് സാന്ദ്ര നല്‍കിയ പരാതി.

നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്രതോമസിനെ നേരത്തേ പുറത്താക്കുകയും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. അച്ചടക്കലംഘനം ആരോപിച്ചായിരുന്നു നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം സംഘടനയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പരസ്യമായി സാന്ദ്ര രംഗത്തുവന്നതാണ് നടപടിക്കു കാരണമായത്. വിഷയത്തില്‍ സാന്ദ്രയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കാണിച്ചാണ് സാന്ദ്രയെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. ആഗസ്റ്റ് 14നാണ് സംഘടന തിരഞ്ഞെടുപ്പ്. ആഗസ്റ്റ് രണ്ട് വരെ പത്രിക സമര്‍പ്പിക്കാം.

Comments