Thursday , June 26 2025, 6:15 pm

കുമരകത്ത് ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നു. ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. ”ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും” എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം വാട്സാപ് സ്റ്റാറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. ഉദ്യോഗസ്ഥരെയും തടവുകാരെയും സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തെങ്കിലും അന്വേഷണം നടത്തിയില്ലെന്നാണ് വിവരം. പകരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണു യോഗത്തില്‍ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്.

 

Comments