Saturday , October 4 2025, 8:51 am

തൃശൂരിൽ കനത്ത മഴയത്ത് ടാറിങ്: കരാറുകാരെ ഓടിച്ച് നാട്ടുകാർ

തൃശൂർ: കനത്ത മഴയത്ത് ടാറിങ് നടത്തുക എന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാകും. തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഇന്ന് അത്തരമൊരു സംഭവമുണ്ടായി. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. സംഭവം കണ്ട നാട്ടുകാർ ചിത്രങ്ങൾ സഹിതം ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കോർപറേഷൻ പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകുകയും രാവിലെ മുതൽ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാനെത്തിയത്. കനത്ത മഴയ്ക്കിടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. നാട്ടുകാർ പ്രതിഷേധിച്ചതോടെ ടാറിങ് മതിയാക്കി ജീവനക്കാർ മടങ്ങുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ടാറിങ് നടത്തരുതെന്ന് നിർദേശം നൽകിയിരുന്നെന്നുമാണ് തൃശൂർ മേയർ എം. കെ വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഴികളടക്കുന്ന ജോലികളായിരുന്നു നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

Comments