Saturday , October 4 2025, 5:12 am

വീട് വാടകയ്‌ക്കെടുത്ത് മറിച്ച് പണയത്തിന് നല്‍കും; ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട്: ഉടമയറിയാതെ വാടകയ്‌ക്കെടുത്ത വീടുകള്‍ പണയത്തിന് നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്നു സ്ത്രീകളില്‍ നിന്നായി 29.80 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ട്.

2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത വീട് തിരുവനന്തപുരം സ്വദേശിനിക്ക് 25 ലക്ഷം രൂപയ്ക്കാണ് പണയത്തിന് കൊടുത്തത്. മറ്റൊരു സ്ത്രീയുടെ അടുത്ത് നിന്നും 2.80 ലക്ഷവും മറ്റൊരു യുവതിയില്‍ നിന്ന് 7 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. തട്ടിപ്പു മനസ്സിലാക്കിയ സംഘം നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്. നടക്കാവ്, ചേവായൂര്‍, ഏലത്തൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ പ്രതികള്‍ വീട് വാടകയ്ക്ക് എടുക്കുകയും പണയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. വാടകയ്ക്ക് എടുക്കുന്ന വീടുകളില്‍ രണ്ടോ മൂന്നോ മാസം വാടക നല്‍കിയ ശേഷം മുങ്ങുന്നതിനാല്‍ കെട്ടിട ഉടമസ്ഥനോ പണയത്തിന് എടുക്കുന്നവരോ ആരംഭ ഘട്ടത്തില്‍ തട്ടിപ്പ് തിരിച്ചറിഞ്ഞിരുന്നില്ല.

Comments