കോഴിക്കോട്: ജീവനെടുത്തുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസ് ഉപരോധിക്കുകയാണ്.
ഇന്നലെ (ഞായറാഴ്ച) കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു.
കോഴിക്കോട് പേരാമ്പ്രയില്‍ സമാന സംഭവത്തില്‍ ശനിയാഴ്ച ജവാദ് എന്ന വിദ്യാര്‍ത്ഥിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നാദാപുരം- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സോള്‍മേറ്റ് എന്ന ബസ്സ് സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞിരുന്നു. ഇത് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തിച്ചു. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശക്തമായ സമരം നടത്തിയിരുന്നു.
പ്രദേശത്ത് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ വിവിധ പാര്‍ട്ടികള്‍ മുന്നോട്ട് വന്നത്.