കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോലീസില്‍ പരാതി. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എംഎല്‍എ ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റിയനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
എം.എല്‍.എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി. രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണം എന്ന രീതിയില്‍ പുറത്തുവന്ന ഓഡിയോ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്.
കേസുമായി മുന്നോട്ട് പോകണമെങ്കില്‍ യുവതിയുടെ മൊഴി പോലീസിന് വിശദമായി കേള്‍ക്കേണ്ടതുണ്ട്. അതിനു ശേഷമാകും പരാതിയില്‍ കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടാകുക. തനിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത് നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിക്കുകയും മോശം പെരുമാറ്റം ഉണ്ടായെന്നും യുവനടി റിനി ആന്‍ ജോര്‍ജ്ജ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ സ്ത്രീകള്‍ രാഹുലിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. തുടര്‍ന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഇന്ന് രാജിവച്ചിരുന്നു.