Thursday , June 26 2025, 6:31 pm

അൻവർ – കോൺഗ്രസ് ധാരണ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു.

തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി കൂടിയാലോചിച്ചു തീരുമാനിക്കും. ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയുടെ ആദ്യഘട്ടത്തില്‍ തൃണമൂല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍മാരായ വി.എസ്.മനോജ് കുമാര്‍, ഹംസ പറക്കാട്ട്, സജി മഞ്ഞക്കടമ്പന്‍ തുടങ്ങിയവരും പങ്കെടുത്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കണമെന്നും എല്‍ഡിഎഫിനെതിരായ പോരാട്ടം അവിടെ നിന്നു തുടങ്ങണമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും താന്‍ പിന്തുണയ്ക്കും. തന്നെ ജയിലിലാക്കാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയപ്പോഴാണ് എല്‍ഡിഎഫ് വിട്ടതെന്നും രാഷ്ട്രീയജീവിതത്തില്‍ താന്‍ ചതിയോ വഞ്ചനയോ കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘യുഡിഎഫുമായും കോണ്‍ഗ്രസുമായും സഹകരിക്കുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കൂ.’ വി.ഡി.സതീശന്‍, പ്രതിപക്ഷ നേതാവ്

Comments