കോഴിക്കോട്: കോട്ടൂളിയില്‍ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തണ്ണീര്‍ത്തടമാണ് ക്വാറി മാലിന്യം ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചെത്തുകയും തടയുകയുമായിരുന്നു. പിന്നീട് ഇറക്കിയ മാലിന്യം തിരികെ ലോറിയില്‍ കയറ്റി കൊണ്ടുപോയി.

കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നേരത്തേയും പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. കോടതിയില്‍ നാട്ടുകാര്‍ നല്‍കിയ ഹരജിയും നിലനില്‍ക്കുന്നുണ്ട്. തണ്ണീര്‍ത്തടം സംരക്ഷിക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. നാട്ടുകാര്‍ പോലീസിനേയും റവന്യൂ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ലെന്ന പരാതിയുണ്ട്.
നേരത്തേയും പ്രദേശത്ത് തണ്ണീര്‍ത്തടം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. സ്ഥലം നികത്താനായി എത്തിച്ച മാലിന്യ ലോറി ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയതിരുന്നു.