Thursday , July 31 2025, 8:40 pm

കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.

പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി കഴിഞ്ഞ കുറേ നാളുകളായി ഈ സര്‍ക്കാരിന്റെ പരിരക്ഷയോട് കൂടി ക്രൈസ്തവ വേട്ട യും ന്യൂനപക്ഷ വേട്ടയും നടന്നു കൊണ്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജയിലിലായ കന്യാസ്ത്രീകളുടെ മോചനം നീണ്ടുപോയേക്കുമെന്നും സൂചനകളുണ്ട്. നേരത്തേ മനുഷ്യക്കടത്ത് മാത്രമായിരുന്നു എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മതപരിവര്‍ത്തന കുറ്റവം ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കാമെന്നാണ് സഭ തീരുമാനം. പെണ്‍കുട്ടികളുടെ കുടുംബത്തെ സ്വാധീനിക്കാന്‍ തീവ്ര ഇടതു സംഘടനകള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Comments