മൂന്നാര്‍: പരീക്ഷ ഹാളിൽ കോപ്പിയടി പിടിച്ചതിൻ്റെ പ്രതികാര നടപടിയായി നൽകിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകന് നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. ആരോപണത്തെ തുടർന്ന് സർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്തംബർ 5 വരെയുള്ള കാലയളവിൽ അധ്യാപകൻ പീഡിപ്പിച്ചെന്നു കാണിച്ച് 5 വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. വനിത കമ്മീഷനും വിദ്യഭ്യാസ മന്ത്രിക്കും വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു.
2014 ഓഗസ്റ്റിൽ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടി ശ്രദ്ധയിൽ പെട്ട അദ്ദേഹം ഇൻവിജിലേറ്ററെ വിവരമറിയിക്കുകയും വിഷയം റിപ്പോർട്ട് ചെ യ്യാനും നിർദേശിച്ചിരുന്നു. എന്നാൽ കോപ്പിയടി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇതിന് പ്രതികാരമായാണ് തനിക്കെതിരെ എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതെന്ന് ആനന്ദ് വിശ്വനാഥന്‍ പറയുന്നു. ‘ഒരു പതിറ്റാണ്ടിലേറെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച വേദന വളരെ വലുതായിരുന്നു. ഒടുക്കം കോടതി വെറുതെ വിട്ടതിന്റെ ആശ്വാസമാണ് ഇപ്പോഴുള്ളത്. ലോകത്ത് ഒരു അധ്യാപകനും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരരുതേ എന്നേ എനിക്ക് പറയാനുള്ളു’ ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. തന്നെ കുടുക്കാന്‍ കോളേജ് പ്രിന്‍സിപ്പലും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കമുള്ളവരും കൂട്ടുനിന്നതായും ആനന്ദ് വിശ്വനാഥൻ ആരോപിച്ചു.
നേരത്തേ വിദ്യാർത്ഥികൾ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഐഎം ഓഫീസില്‍ വെച്ചാണെന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു