Saturday , October 4 2025, 11:02 am

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ശ്രീജയ (72), പുഷ്പ (68) എന്നിവരെയാണ് ഇന്ന് രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന 60 വയസുള്ള സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇയാൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.  കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ പ്രമോദിനെ കാണാനില്ലായിരുന്നു. മൂന്നുപേർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായാണ് വിവരം.

മൂവരും മൂന്ന് വർഷമായി തടമ്പാട്ടുതാഴത്ത് വാടകയ്ക്ക് താമസിക്കുകയാണ്. അതേസമയം സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്നുപേരും വളരെ നല്ല അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. എന്നാൽ ബന്ധുക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു ഇവർ. പ്രമോദിനായി തിരച്ചിൽ തുടരുകയാണ്. ഫറോക്ക് ഭാഗത്താണ് അവസാനമായി പ്രമോദിന്റെ ഫോൺ ലൊക്കേഷൻ ലഭിച്ചത്.

Comments