തിരുവനന്തപുരം: പെൺകുട്ടികളുടെ വെളിപ്പെടുത്തലിനു പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാല് മാസം വളര്‍ച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുക.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നത്.
യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടർന്ന് മറ്റു ചില പെൺകുട്ടികളും രാഹുലിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.