കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മദ്യവും പിടികൂടിയ സംഭവത്തില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലിലടച്ച വ്യക്തി നിരപരാധിയെന്ന് തെളിഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനാണ് അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കള്ളക്കേസില്‍ മനപ്പൂര്‍വ്വം തന്നെ ചിലര്‍ കുടുക്കിയതാണെന്നും തങ്കച്ചനും കുടുംബവും ആരോപിക്കുന്നു.
തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാനായി കര്‍ണാടകത്തില്‍ നിന്ന് മദ്യം കൊണ്ടുവന്ന പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 22ന് രാത്രി രഹസ്യവിവരത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പോര്‍ച്ചില്‍ കിടന്ന കാറിന്റെ അടിയില്‍ നിന്ന് മദ്യക്കുപ്പികളും 15 തോട്ടയും കണ്ടെത്തി. പിന്നാലെ തങ്കച്ചനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തങ്കച്ചന്‍ ജയിലിലായതിനെ തുടര്‍ന്ന് വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും കള്ളക്കേസില്‍ ഭര്‍ത്താവിനെ കുടുക്കിയതാണെന്നും കാണിച്ച് തങ്കച്ചന്റെ ഭാര്യ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പോലീസ് കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രസാദിനെ പിടിക്കുന്നത്. തുടര്‍ന്ന് തങ്കച്ചനെ വിട്ടയക്കാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.