തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ചികിത്സപ്പിഴവിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ബിഎന്‍എസിലെ 336, 338 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2023 ല്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വച്ച് മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി എന്നാണ് സുമയ്യയുടെ കുടുംബം ആരോപിച്ചത്.
കഴിഞ്ഞ ദിവസമാണ് യുവതിയും കുടുംബവും സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിയിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോ.രാജീവ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ യുവതിയും കുടുംബവും നടത്തിയിരുന്നു. പിഴവ് സംഭവിച്ചത് സമ്മതിച്ച ഡോക്ടര്‍ തുടര്‍ ചികിത്സയ്ക്കായി സുമയ്യക്ക് പണം നല്‍കിയതിന്റെ രേഖകളും കുടുംബം പുറത്തുവിട്ടു. ശസ്ത്രക്രിയ വേഗത്തിലാക്കാന്‍ ഡോക്ടര്‍ക്ക് 4000 രൂപ തുടക്കത്തില്‍ നല്‍കിയതായും പിന്നീട് ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് വച്ച് പരിശോധനകള്‍ക്കായി പണം നല്‍കിയിരുന്നെന്നും സുമയ്യ പറഞ്ഞു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ചികിത്സാ പിഴവില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശസ്ത്രക്രിയക്ക് ശേഷവും പലതവണ സുമയ്യക്ക് ശ്വാസതടസ്സം വരാറുണ്ടായിരുന്നു. മാര്‍ച്ചില്‍ ശ്വാസതടസ്സവും മറ്റ് ബുദ്ധിമുട്ടുകളും വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.