തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഡാലോചനയുമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂരില്‍ വോട്ട് ചേര്‍ത്തതെന്നും പരാതിയില്‍ പറയുന്നു. ജനപ്രാതിനിത്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.