ഇടുക്കി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ രാജസ്ഥാനില്‍ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15നാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ് തോമസ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാനമായ മറ്റ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കമുള്ള വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയത്. പ്രാര്‍ത്ഥനയ്ക്കിടെ പള്ളി പൊളിക്കാന്‍ ബജ്‌റംഗദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയതാണ് കേസുകളുടെ തുടക്കം. പോലീസ് എത്തി പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അതിനു ശേഷം ജൂലൈ 6ന് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തി. സംഘര്‍ഷം തുടരുന്നതിനിടെയാണ് തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തതെന്നും തോമസ് പറഞ്ഞു. ഭീതിയോടെയാണ് കഴിയുന്നതെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.