തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി പോലീസിന്റെ സൈബര്‍ വിഭാഗം. ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കുന്നത് വഴി ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫോണില്‍ ഒ.റ്റി.പി വരുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. അല്ലെങ്കില്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫോണില്‍ വരുന്ന അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളും എപികെ ഫയലുകളും ഓപ്പണ്‍ ചെയ്യരുത്. അറിയാത്ത ലിങ്കുകളും ഓപ്പണ്‍ ചെയ്യരുത്. ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണില്‍ വിളിച്ച് എസ്.എം.എസ് അയച്ചും ഒ.ടി.പി ചോദിച്ചും എ.പി.കെ ഫയലുകള്‍ അയച്ചുമാണ് ഹാക്കിങ് നടത്തുന്നത്. ഇതുവഴി ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പുസംഘം ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങും. പിന്നീട് ഉടമയുടെ പേരില്‍ മറ്റുള്ളവരില്‍ നിന്നും പണം ആവശ്യപ്പെട്ട് തട്ടിപ്പു നടത്തുന്നതാണ് രീതി. ഇതേ ഫോണില്‍ നിന്നും എപികെ ഫയലുകളും ലിങ്കുകളും മറ്റുള്ളവര്‍ക്കും കൈമാറി അവരുടെ ഫോണുകളും ഹാക്ക് ചെയ്യുന്നതാണ് മറ്റൊരു രീതി.