Thursday , June 26 2025, 6:23 pm

പിതാവിനു മര്‍ദനമേറ്റ കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍

കല്‍പറ്റ: കുപ്പാടിത്തറ ശ്യാം നിവാസില്‍ പി.സി. ജയ്‌സണ്(49) ഈസ്റ്റര്‍ ദിനം വൈകുന്നേരം മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍ പി.ജെ.അക്‌സ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് പിതാവിന്റെ ചെറുകുടലിന്റെ 10 സെന്റിമീറ്റര്‍ നീക്കം ചെയ്യേണ്ടിവന്നിട്ടും ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
കുപ്പാടിത്തറയ്ക്കു സമീപം പുഴയോരത്ത് അയല്‍വാസികളായ നാലുപേരാണ് ജയ്‌സണനെ മര്‍ദിച്ചത്. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ചെറുകുടലിന്റെ ഭാഗം നീക്കം ചെയ്തത്. മര്‍ദനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നാണ് പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കിയത്. മെയ് അഞ്ചിന് പോലീസ് സ്റ്റേഷനില്‍നിന്നു എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചു. നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍നിന്നു മനസിലായത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമായതിനാല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ കഴിയില്ലെന്നാണ് പോലീസുകാര്‍ പറഞ്ഞത്. ഏപ്രില്‍ 26ന് മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ജയ്‌സണിന്റെ മൊഴിയെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തി മരിച്ചിരുന്നുവെങ്കില്‍ കൊലപാതകക്കുറ്റമായേനേ എന്നും ജീവഹാനി ഉണ്ടാകാത്തതിനാല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ നിര്‍വാഹമില്ലെന്നുമാണ് പോലീസ് അറിയിച്ചത്.
പിതാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് പരസഹായം ആവശ്യമായ സ്ഥിതിയിലാണെന്നും അക്‌സ പറഞ്ഞു. ബന്ധു പി.ജി.ഷനില്‍ ഒപ്പമുണ്ടായിരുന്നു.

Comments