ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവര്‍ഷത്തിനിടെ വിദേശ യാത്രയ്ക്കായി ചിലവഴിച്ചത് 350 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ 295 കോടിയും 2025ല്‍ അഞ്ച് രാജ്യങ്ങളില്‍ നടത്തിയ യാത്രയ്ക്ക് 67 കോടിയും ചിലവായിട്ടുണ്ട്.
മോദിയുടെ ഏറ്റവും ചിലവേറിയ യാത്ര ഫ്രാന്‍സിലേക്കായിരുന്നു. 2025 ഫെബ്രുവരി 10 മുതല്‍ 13 വരെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും നടത്തിയ യാത്രയില്‍ ഫ്രാന്‍സ് യാത്രയ്ക്ക് മാത്രം ചിലവായത് 25,59,82,902 (ഇരുപത്തിയഞ്ച് കോടിയിലധികം) രൂപയാണ്. പാരീസില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ചകള്‍ നടത്തുകയും എഐ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ യാത്രയില്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ യാത്രയ്ക്ക് ചിലവായത് 16,54,84,302 (16 കോടിയിലധികം) രൂപയാണ്.
2025 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്‌ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. തായ്‌ലന്റ് യാത്രയ്ക്ക് അഞ്ച് കോടിക്കടുത്ത് ചിലവായി. ശ്രീലങ്കന്‍ യാത്രയ്ക്ക് നാലേ മുക്കാല്‍ കോടിയും ചിലവായി. ഇതിനു പുറമേ സൗദി അറേബ്യന്‍ യാത്രയ്ക്ക് 15,54,03,792 (പതിനഞ്ച് കോടിയിലധികം) ചിലവായി. മാര്‍ച്ചു മുതല്‍ ജൂലൈ വരെ ഇവയ്ക്കു പുറമെ 8 രാജ്യങ്ങള്‍ കൂടെ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ ബില്ലുകള്‍ സെറ്റില്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മോദിയുടെ 2023ലെ അമേരിക്കന്‍ യാത്രയ്ക്ക് ചിലവായത് 22 കോടിയിലധികം രൂപയാണ്. രാജ്യസഭയില്‍ തൃണമൂല്‍ എംപി ദെറക് ഒബ്രിയേനിന്റെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച കണക്കുകളാണിത്. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ നടന്ന മോദിയുടെ 38 വിദേശ യാത്രകള്‍ക്ക് ഏകദേശം 258 കോടി ചിലവായി.