Saturday , October 4 2025, 4:55 am

ഇത് പെരുവള്ളൂർ പെരുമ:  വനിതകൾക്ക് സൗജന്യ യാത്രയൊരുക്കാൻ പഞ്ചായത്തിൻ്റെ ഷീ ബസ്സ് എത്തി

പെരുവള്ളൂർ/ മലപ്പുറം: വനിതകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പെരുവള്ളൂർ പഞ്ചായത്തിൻ്റെ ഷീ ബസ്സ് പദ്ധതി യാഥാർത്ഥ്യമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസ്സിൻ്റെ പരീക്ഷണ സർവീസ് വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്ത് പരിധിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. പഞ്ചായത്തിലെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ദിവസവും 6 ട്രിപ്പുകൾ വീതമാണുണ്ടാകുക.

ഉച്ചയ്ക്ക് 3 മണിക്കൂർ ബസ് സർവീസ് ഉണ്ടാകില്ല. ഈ സമയത്ത് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബസിൽ മീറ്റിങ്ങുകൾ കൂടാനും ചർച്ചകൾക്കുമായി വിട്ടു നൽകും. ഓരോ ദിവസവും ഓരോ അയൽക്കൂട്ടങ്ങൾ എന്ന വ്യവസ്ഥയിലാണ് ബസുകൾ നൽകുക. പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളും ബസിൽ പ്രദർശിപ്പിക്കും. ബസിൽ കണ്ടക്ടറും ക്ലീനറുമുണ്ടാകില്ല എന്ന പ്രത്യേകത കൂടിയുണ്ട്. വാഹനമോടിക്കാനും സ്ത്രീകളെത്തന്നെയാണ് ചുമതലപ്പെടുത്തുക. നിലവിൽ പുരുഷ ഡ്രൈവറാണ് വാഹനമോടിക്കുന്നതെങ്കിലും ഭാവിയിൽ ഒരു സ്ത്രീയെ തന്നെ വാഹനമോടിക്കാനായി ചുമതലപ്പെടുത്തും. പഞ്ചായത്തിലെ 100 വനിതകൾക്ക് വൈകാതെ തന്നെ ഡ്രൈവിംങ് പരിശീലനം നൽകാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് പെരുവള്ളൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് വള്ളിക്കുന്ന് എം എൽ എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ദിവസവും 110 കിലോമീറ്റർ സർവീസാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിൽ  സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ഷീ ബസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പഞ്ചായത്തും ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

 

 

Comments