Saturday , October 4 2025, 3:33 am

പേരൂര്‍ക്കട വ്യാജ മാല മോഷണക്കേസ്: നഷ്ടപരിഹാരമായി ഒരുകോടി രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ബിന്ദു

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസില്‍ പ്രതിയാക്കപ്പെട്ട ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് ബിന്ദുവിന്റെ ആവശ്യം. ഇതിനു പുറമേ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാലമോഷണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബിന്ദുവിനെ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍.

ചുള്ളിമാനൂര്‍ സ്വദേശിയായ ബിന്ദു ജോലിക്കു നിന്ന വീട്ടിലെ ഉടമ ഓമന ഡാനിയേലിന്റെ സ്വര്‍ണമാല മോഷണം പോയെന്ന പരാതിയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ ഒരു രാത്രി മുഴുവന്‍ തടവിലിട്ടിരുന്നു. അടുത്ത ദിവസം മാല വീട്ടില്‍ നിന്നും കിട്ടിയെന്ന് പരാതിക്കാരി പോലീസിനെ അറിയിക്കുകയും ബിന്ദുവിനെ പോലീസ് വിട്ടയക്കുകയും ചെയ്തു.

സ്വര്‍ണമാല വീട്ടിലെ സോഫയില്‍ നിന്ന് കിട്ടിയ കാര്യം പരാതിക്കാര്‍ എസ്.ഐ പ്രസാദിനോട് പറഞ്ഞപ്പോള്‍ ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയകാര്യം പുറത്തു പറയേണ്ടെന്നായിരുന്നു എസ്‌ഐയുടെ മറുപടി. ചവറു കൂനയില്‍ നിന്നും കിട്ടിയെന്ന് മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ പരാതിക്കാരോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതിനു ശേഷം പരാതിക്കാര്‍ മൊഴി നല്‍കുകയും കേസില്ലെന്ന് എഴുതി കൊടുക്കുകയും ചെയ്തു. എന്നാല്‍ ദളിത് യുവതിയെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ്.എച്ച്.ഒ ശിവകുമാര്‍, പരാതിക്കാരി ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.

അതേസമയം ബിന്ദുവിന് എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ പ്യൂണായി ജോലി ലഭിച്ചു. തിങ്കളാഴ്ച ബിന്ദു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

Comments