Saturday , October 4 2025, 2:14 am

എലപ്പുള്ളി ബ്രൂവറി: ഡിജിറ്റല്‍ സര്‍വേക്കായി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. നാട്ടുകാരും ജനകീയ സമരസമിതിയും, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഒയാസിസ് കമ്പനിയുടെ പ്രതിനിധികളേയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ക്കായി പ്രദേശം കാടുവെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്പനിയുടെ വാദം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

കാട് വെട്ടിത്തെളിക്കാന്‍ എത്തിച്ചതാണ് ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വേ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനായി കമ്പനി സ്വകാര്യ ഏജന്‍സിയെ നിയമിച്ചതായും സംശയിക്കുന്നുണ്ട്.

ബ്രൂവറിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവഗണിച്ചെന്നാണ് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു വിഷയത്തില്‍ പ്രതികരിച്ചത്. പെട്ടെന്നൊരു ദിവസം നിര്‍മാണവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രേവതി ബാബു പറഞ്ഞു. ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. കേസ് ഒക്ടോബര്‍ ആറിനാണ് പരിഗണിക്കുക.

Comments