Saturday , October 4 2025, 3:36 am

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും, കാത്തിരിക്കുന്നത് 5 മുതല്‍ 10 രൂപവരെ വര്‍ധന

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ നിയന്ത്രണം നീങ്ങുന്നതോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ടോള്‍ വര്‍ധന. 5 മുതല്‍ 10 രൂപ വരെ ടോള്‍ നിരക്കില്‍ വര്‍ധനവാണ് വരാന്‍ പോകുന്നത്. ടോള്‍പിരിവ് പുനാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഹൈക്കോടതി നേരത്തേ ടോള്‍ പിരിക്കുന്നത് സെപ്തംബര്‍ 9 വരെ തടഞ്ഞത്.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെ വര്‍ധിക്കും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്ന നിരക്കില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായും ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 രൂപയായും ഉയരും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ആയും ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. അതേസമയം നിരന്തരം കരാര്‍ ലംഘനം നടത്തുന്ന കമ്പനിക്ക് ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുവാദം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

 

Comments