Tuesday , March 3 2026, 9:52 am

കേരളത്തിൻ്റെ പൊതുബോധത്തിൽ മുസ്ളീം വിരുദ്ധതയുടെ ആറാട്ട്, മുസ്ളീം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനവും  ആവാമെന്ന് പി.ടി

മുസ്ളീം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയതിനെതിരായി ഉയർന്ന വിമർശനങ്ങളെ തള്ളിപറഞ്ഞ് പി .ടി കുഞ്ഞു മുഹമ്മദ് . മുന്നാക്ക സമുദായങ്ങൾക്ക് പത്തും പതിനഞ്ചും മന്ത്രിസ്ഥാനങ്ങൾ നീക്കിവെക്കുമ്പോഴില്ലാത്ത അസ്വസ്ഥതയാണ് ലീഗ് മന്ത്രിസ്ഥാനത്തെ ചൊല്ലി ഉണ്ടായത് . ഇത് കേരളത്തിൻ്റെ പൊതുബോധത്തിൽ നിറഞ്ഞാടുന്ന മുസ്ളീം വിരുദ്ധതയുടെ പ്രകടനമാണെന്ന് പി.ടി വിശദീകരിച്ചു .

രണ്ടു വട്ടം ഇടതു മുന്നണിയുടെ ഗുരുവായൂർ എം.എൽ.എ ആയിരുന്ന പി.ടി രാജ്യം ആദരിക്കുന്ന സിനിമാസംവിധായകനും നിർമ്മാതാവുമാണ് .

1921 ലെ മലബാർ കലാപത്തിന് ശേഷം മുസ്ളീം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നു. അത് ഇന്നും തുടരുന്നു. പക്ഷെ മുസ്ളീങ്ങൾ എക്കാലവും രാഷ്ട്രീയമായി പോരാടിയവരായിരുന്നു. കോൺഗ്രസിനൊപ്പം നിന്നും അല്ലാതെയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി . കാർഷിക കലാപങ്ങൾക്ക് മുന്നിൽ നിന്നു. മലബാർ കലാപത്തോടനുബന്ധിച്ച് മമ്പറം ഫസലിനെയും 40 പേരെയും പായക്കപ്പലിൽ തുർക്കിയിലേക്ക് നാടു കടത്തിയതയിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ നാടു കടത്തൽ . പക്ഷെ ഇത് എവിടെയും പരാമർശിക്കപ്പെടുന്നില്ല. നെയ്യാറ്റിൻകരയിൽ നിന്ന് കൊച്ചിയിലേക്ക് സ്വദേശാഭിമാനിയെ നാടു കടത്തി യതാണ് രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ ചരിത്രം.

കേരള നവോത്ഥാനം ക്രിസ്ത്യൻ പാതിരിമാരുടെയും കന്യാസ്ത്രീകളുടേതും കൂടിയാണ് .വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും സാക്ഷരതയും അവരാണ് കൊണ്ടുവന്നത്. കേരളത്തിലിന്നും ഏറ്റവും വില കുറഞ്ഞ ചെരുപ്പ് ധരിക്കുന്നത് കന്യാസ്ത്രീകളാണ്. നവോത്ഥാന ചരിത്ര രചനയിൽ നിന്ന് പുറം തള്ളപ്പെട്ടവരാണ് ക്രിസ്ത്യൻ സമൂഹവും .

തൻ്റെ സിനിമകളിൽ ആവർത്തിച്ചു വരുന്ന മുസ്ളീം പ്രമേയങ്ങളെയും പി .ടി ന്യായീകരിച്ചു .മുസ്ളീം പ്രമേയമായാൽ ആ സംവിധായകൻ ആക്ഷേപിക്കപ്പെടും. എന്നാൽ എം.ടി വാസുദേവൻനായും അടൂർ ഗോപാലകൃഷ്ണനും നായർ പ്രമേയങ്ങളെടുത്താൽ അത് കൊണ്ടാടപ്പെടുമെന്നും പി.ടി പറഞ്ഞു. ഗർഷോം, മഗ് രിബ്, വിശ്വാസപൂർവം മൻസൂർ ,വീരപുത്രൻ തുടങ്ങിയ പി.ടി സിനിമകൾ രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. അദ്ദേഹം നിർമിച്ച സിനിമകൾ ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളും നേടി.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

Comments