Saturday , October 4 2025, 8:42 am

അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ

കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്.

വിവിധ ജില്ലകളിലെ ഭക്ഷ്യ സുരക്ഷ കമ്മീഷ്ണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. വെളിച്ചെണ്ണ ഉല്‍പാദന വിപണന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പത്തനംതിട്ടയില്‍ നിന്ന് 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്. മലപ്പുറത്തെ ഒരു ഗോഡൗണില്‍ നിന്ന് മാത്രമായി 735 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്.

ഒന്നര ആഴ്ച മുന്‍പ് നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

Comments