കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് ഇരുന്നൂറോളം ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയതെന്ന് കസ്റ്റംസ്. ഓപ്പറേഷന്‍ നുംകോര്‍ എന്ന പേരില്‍ രാജ്യത്തുടനീളം നടന്ന പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണ് കസ്റ്റംസ് കണ്ടെത്തിയത്. കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും ഉള്‍പ്പെടും. വാഹന ഉടമകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കസ്റ്റംസ് കമ്മീഷ്ണര്‍ ടി.ടിജു വ്യക്തമാക്കി.
നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലും ഇത്തരത്തിലൊരു വാഹനമുണ്ടെന്ന് സംശയിക്കുന്നതായും എന്നാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. മറ്റൊരു നടന്‍ അമിത് ചക്കാലയ്ക്കലിന്റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം എം പരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തി ഇത്തരത്തിലെത്തിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നു എന്ന ഗുരുതര വെളിപ്പെടുത്തലും കമ്മീഷ്ണര്‍ നടത്തി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും.
റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ശേഷമാണ് കസ്റ്റംസ് രാജ്യത്തുടനീളം റെയ്ഡുകള്‍ നടത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇത്തരത്തില്‍ നിയമവിരുദ്ധമായി വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരുടെ വാഹനങ്ങളും ഇത്തരത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സിനിമ താരങ്ങള്‍ക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‌യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത്.