കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് എന്നയാളാണ് മരിച്ചതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും സംശയമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ചുറ്റുപാടുമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പോലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
സ്‌ഫോടനത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് തീ ആളിപ്പടര്‍ന്ന വീടാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണപുരം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചു. പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ പി.നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.