റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്. എൻ ഐ എ കോടതിയിൽ നടപടികൾ സങ്കീർണമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
ജാമ്യാപേക്ഷയുമായി എൻ ഐ എ കോടതിയെ സമീപിക്കാൻ ഇന്നലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്ത കേസിൽ എൻ ഐ എ കോടതിയെ എങ്ങനെ സമീപിക്കും എന്ന ചോദ്യം ഇന്നലെ തന്നെ സന്യാസിനിമാരുടെ അഭിഭാഷകർ ഉയർത്തിയിരുന്നു. മാത്രമല്ല അധികാര പരിധിയിൽ ഇല്ലാത്ത ഒരു കേസിൽ സന്യാസിമാരെ കസ്റ്റഡിയിൽ വിട്ടതിൻ്റെ നിയമസാധുതയും ചോദ്യം ചെയ്യുമെന്ന് സഭയുടെ അഭിഭാഷകർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
സന്യാസിനികൾക്കെതിരെ ചുമത്തിയ കുറ്റം മനുഷ്യക്കടത്ത് ആണെന്നും തങ്ങളുടെ അധികാര പരിധിയിൽ അല്ലാത്തതിനാൽ എൻ ഐ എ സ്പെഷ്യൽ കോടതിയെ സമീപിക്കാനായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് നിരസിച്ച് കൊണ്ട് കീഴ്ക്കോടതി പറഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.