ചെന്നൈ: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ച ‘നൈസാര്‍’ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകീട്ട് 5.40നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വി – എഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
പ്രതികൂല കാലാവസ്ഥയില്‍ പോലും പ്രവര്‍ത്തിക്കാന്‍ നൈസാര്‍ സാറ്റലൈറ്റിനാകും. മാത്രമല്ല പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും. ഇതോടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സുനാമി, ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം, വനനശീകരണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് നേരത്തേ തന്നെ മുന്നറിയിപ്പുകള്‍ ലഭിക്കും. കാര്‍ഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, വിളകളുടെ വളര്‍ച്ച എന്നിവയെല്ലാം നൈസാര്‍ നിരീക്ഷിക്കും. ഓരോ 12 ദിവസം കൂടുമ്പോഴും രാപ്പകല്‍ വ്യത്യാസമില്ലാതെ ഭൂമിയെ നിരീക്ഷിച്ച് ഹൈ റെസല്യൂഷനില്‍ ഉപഗ്രഹം വിവരങ്ങള്‍ കൈമാറും എന്നതും പ്രത്യേകതയാണ്.
ഇന്ത്യയുടെ ഭൗമ നിരീക്ഷണ സംവിധാനങ്ങളില്‍ നിര്‍ണായകമാകും നൈസാര്‍ വിക്ഷേപണം. ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. ഐസ്ആര്‍ഒ യുടെ ഇതുവരെ നിക്ഷേപിച്ചതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്. 13000 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ പ്രവര്‍ത്തനച്ചിലവ്.