തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ടോള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കേണ്ടി വന്നാല്‍ അതിന് സമാനമായ തുക ദേശീയ പാത അതോറിറ്റി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. ഗതാഗത പ്രശ്‌നം പരിഹരിച്ചിട്ട് ടോള്‍ പിരിവ് നടത്താമെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞത്. 4 ആഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിലവില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നില്ല. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തും പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഷാജി കോടങ്കണ്ടത്ത് തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.