ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലിന് വേണ്ട നൈപുണ്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. ഐടി വിദ്യാഭ്യാസം കഴിഞ്ഞിട്ടും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങുന്നു. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ അവസാനം നടക്കും.തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇത്തരത്തിലുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ടിസിഎസ്, യുഎസ്ടി, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെയും പങ്കാളിത്തമുള്ള സ്ഥാപനമാണ് ഐസിടി അക്കാദമി.

          തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് സെന്റര്‍, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവ യിലാണ് ഇപ്പോള്‍ പരിശീലന കേന്ദ്രങ്ങള്‍ ഉള്ളത്. നിര്‍മിത ബുദ്ധി, സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ സയന്‍സ്, ഫുള്‍ സ്റ്റാക്ക് ഡിവലപ്‌മെന്റ് എന്നിവയിലാണ് നാലുമാസത്തെ കോഴ്സുകള്‍ ആരംഭിക്കുന്നത്.ഇതോടൊപ്പം തന്നെ അധ്യാപകരിലെ നൈപുണ്യ വികസനത്തിനും പ്രത്യേക കോഴ്സുകള്‍ വരുന്നുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞാലും സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വൈദഗ്ധ്യം കൈവരിക്കാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയുന്നില്ല എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലെ വിടവ് നികത്തിയാലേ ഇനിയങ്ങോട്ട് തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ സ്‌കില്‍ കേരള കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്നിരുന്നു.