ന്യൂഡല്‍ഹി: രാജ്യത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 28.8 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ കുറ്റകൃത്യങ്ങള്‍ 28.8 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ രാജ്യത്തുടനീളം 12,960 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022-ല്‍ ഇത് 10,064 ആയിരുന്നു.
മണിപ്പൂരാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3,399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ഒരു കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2021 ല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2023 മേയില്‍ മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് മണിപ്പൂരില്‍ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചത്. 2023-ല്‍ മണിപ്പൂരില്‍ ഇത്തരത്തിലുള്ള 260 കവര്‍ച്ച കേസുകളും, 1,051 തീവയ്പ്പ് കേസുകളും, അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിന് 203 കേസുകളും, പട്ടികവര്‍ഗക്കാരുടെ ഭൂമി കൈവശപ്പെടുത്തിയതിന് 193 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികജാതി (എസ്സി) വിഭാഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 0.4% വര്‍ധനവാണ് കാണിക്കുന്നത്. 2023 ല്‍ ആകെ 57,789 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022ലിത് 57,582 ആയിരുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മധ്യപ്രദേശ് രണ്ടാം സ്ഥാനത്താണ്. 2023ല്‍ 2,858 കേസുകളും 2022 ല്‍ 2,979 കേസുകളും 2021 ല്‍ 2,627 ഉം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മൂന്നാമതായി രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,453 എണ്ണം. 2022 ല്‍ 2,521 കേസുകളായിരുന്നു. എന്നാല്‍ 2021 ല്‍ 2,121 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്‍സിആര്‍ബി ഡാറ്റ പ്രകാരം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. 2023ല്‍ ആകെ 4,48,211 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022ല്‍ ഇത് 4,45,256 കേസുകളായിരുന്നു. 0.7% വര്‍ധനാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രേഖപ്പെടുത്തിയത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023 ല്‍ 1,77,335 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തത്. 2022 ലെ 1,62,449 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 9.2 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.