Saturday , August 2 2025, 12:07 pm

വിവാദ ചിത്രം ‘കേരള സ്റ്റോറിക്ക്’ ദേശീയ പുരസ്‌കാരം; ഉര്‍വശിക്കും വിജയരാഘവനും പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: 2023ലെ 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിസിസ് ചാറ്റര്‍ജി V/S നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12Th ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാന്റേയും റാണി മുഖര്‍ജിയുടേയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഇതെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുണ്ട്.

’12TH ഫെയില്‍’ മികച്ച ഫീച്ചര്‍ ഫിലിമും മികച്ച നോണ്‍-ഫീച്ചര്‍ ഫിലിമായി ‘ഫ്‌ളവറിംഗ് മാന്‍’ അവാര്‍ഡും നേടി. വിവാദ ചിത്രം ‘കേരള സ്റ്റോറി’ സംവിധാനം ചെയ്ത സുദീപ്‌തോ സെന്നാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ കമല്‍ അവാര്‍ഡ് നേടിയത്. പ്രശാന്തനു മൊഹപാത്ര ഇതേ ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും നേടി.

ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവന്‍ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുന്‍ മുരളിക്ക് മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹന്‍ദാസ് സ്വന്തമാക്കി. അനിമലില്‍ റീ റെക്കോര്‍ഡിങ്ങും മിക്‌സിങ്ങും നിര്‍വഹിച്ച എം ആര്‍ രാജകൃഷ്ണന് സ്‌പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചു.

ഗോഡ് വള്‍ച്ചര്‍ ആന്റ് ഹനുമാന്‍ ആണ് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 332 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 115 ചിത്രങ്ങളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ അശുതോഷ് ഗോവരീക്കറും നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ പി.ശേശാന്ദ്രിയും ഫിലിം വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ.അജയ് നാഗഭൂഷണും ചേര്‍ന്നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Comments