മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ബോംബെ നഗരത്തിലെ റെയില്‍വേ ശൃംഖലയെ തന്നെ പിടിച്ചുലച്ചിരുന്നു. ആക്രമണം നടന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
‘പ്രതികള്‍ക്കെതിരെ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു’ എന്നാണ് വിധിയിലെ പരാമര്‍ശം. 2015ല്‍ വിചാരണ കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. 2006 ജൂലൈ 11-ന് മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ ശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി ഏഴ് സ്ഫോടനങ്ങളാണ് നടന്നത്.