Saturday , October 4 2025, 6:59 am

വരുന്നു അംബാനിയുടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’; എഐ രംഗത്ത് ഗൂഗിളും മെറ്റയുമായി കൈകോര്‍ക്കും

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയുടെ എ.ഐ സാങ്കേതിക വിദ്യയിലെ കുതിപ്പിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന കമ്പനിക്കാണ് അംബാനി രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം (എജിഎം) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരംഭിച്ചത്. ഇന്ത്യയെ നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഉപകമ്പനി രംഗപ്രവേശം ചെയ്യുന്നത്.

എ ഐ രംഗത്തെ അതികായരായ മെറ്റയും ഗൂഗിളുമായും കമ്പനി തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേര്‍പ്പെടും. നെക്സ്റ്റ് ജനറേഷന്‍ എഐ ഇന്‍ഫ്രാസ്‌ട്രെക്ചര്‍, എഐ രംഗത്തെ ആഗോള സഹകരണം, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും കുറഞ്ഞ ചിലവില്‍ എ ഐ സേവനങ്ങള്‍ നല്‍കുക, എ ഐയില്‍ ഗവേഷണം നടത്തുന്നവര്‍, എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍ ഉള്‍പ്പെടെ എ ഐ മേഖലകളില്‍ വിദഗ്ദരായ ആളുകളെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ടാലന്റ് ഇന്‍ക്യുബേഷന്‍ എന്നിവയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Comments