കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 9531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് കമ്പനി ഹൈക്കോടതിയെ അറിയിച്ചത്.
പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്നമെന്നാണ് കമ്പനിയുടെ വാദം. അപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കമ്പനി കോടതിയില്‍ വാദിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കമ്പനി തന്നെ നീക്കം ചെയ്തു. കപ്പല്‍ അപകടം നടന്നത് രാജ്യാതിര്‍ത്തിക്ക് പുറത്താണ്. കപ്പലില്‍ നിന്ന് ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ല. കടലില്‍ ഇന്ധനം കലര്‍ന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇന്ധന ചോര്‍ച്ച മൂലമുള്ള പരിസ്ഥിതി ആഘാതം ചോദ്യം ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് ആണ് അവകാശമെന്നും കമ്പനി വാദിച്ചു. മത്സ്യബന്ധന നഷ്ടം സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ല. മത്സ്യബന്ധന നിരോധനത്തിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കമ്പനി പറഞ്ഞു. കൂടാതെ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ കമ്പനി വാദിക്കുന്നുണ്ട്. 87 പേജുകളുള്ള സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളെയും കപ്പല്‍ കമ്പനി തള്ളുകയായിരുന്നു.
കേസ് രണ്ടാഴ്ച മുന്‍പ് പരിഗണിച്ചപ്പോള്‍ കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വാദങ്ങളെ തള്ളുകയും നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തത്.