തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്ത്. 2020ലും 2021ഉം വേടന്റെ അടുത്ത് നിന്ന് പീഡനം നേരിട്ടുവെന്ന് കാണിച്ച് രണ്ട് യുവതികളാണ് പരാതി നല്‍കിയത്. പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു.
ഗവേഷണാവശ്യത്തിനായി വേടനെ സമീപിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു പരാതി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ വേടനുമായി സൗഹൃദമുണ്ടായിരുന്ന ആളാണ്. തന്നെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടേയും പരാതി.
അതേസമയം വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ മൊഴിയില്‍. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വേടന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.