
ഡോ. എം.സി.വസിഷ്ഠ്
‘കൊല്ലം അറുനൂറ്റി എഴുപത്തിമൂന്ന് ഇടവമാസം ഒമ്പതാം തീയതി (1498 മെയ് 20ന്) ഞായറാഴ്ചയില്‍ തന്നെ കോഴിക്കോട് നിന്ന് തെക്കോട്ട് മീന്‍പിടിക്കാന്‍ പോയ ചില മുക്കുവര്‍ നാലു കപ്പല്‍ പടിഞ്ഞാറേ ദിക്കില്‍ നിന്നു വന്ന് നങ്കൂരമിടുന്നത് കണ്ടു. മീന്‍ വില്പാനടുത്തപ്പോള്‍ ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ച് വളരെ അതിശയിച്ചു. സാമൂതിരി വര്‍ത്തമാനമറിഞ്ഞു. പോര്‍ത്തുഗല്‍ രാജാവ് മുളക് മുതലായ മലയാള ചീനച്ചരക്കുകളെ അന്വേഷിക്കാന്‍ അയച്ചിരിക്കുന്നവരാണവര്‍. മഴക്കാലത്തിനു മുമ്പ് കപ്പല്‍ പന്തലായിനിക്കൊല്ലത്ത് ആക്കേണം എന്നും കോഴിക്കോട് വന്നാല്‍ കാണാമെന്നും സാമൂതിരി കപ്പിത്താനെ അറിയിച്ചു. അതനുസരിച്ച് വാസ്‌കോഡിഗാമ എന്ന കപ്പിത്താന്‍ പന്തലായിനിമുഖത്ത് നങ്കൂരമിടുകയും ചെയ്തു.’
മണ്‍സൂണ്‍ മഴ ആരംഭിക്കുന്നതിനു മുമ്പ് 1498 മെയ് മാസം അവസാനം കോഴിക്കോട് എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ് സഞ്ചാരിയായ വാസ്‌കോഡഗാമക്ക് സാമൂതിരി നല്‍കിയ നിര്‍ദ്ദേശമാണ് മേല്‍ ഉദ്ധരിച്ചത്. (കോഴിക്കോട് ഗ്രന്ഥവരി രേഖയില്‍ നിന്ന്)
നൂറ്റാണ്ടുകളായി ഈ മണ്ണിന്റേയും മനുഷ്യരുടേയും ഭാഗമാണ് മണ്‍സൂണ്‍ മഴ. ജൂണ്‍,ജൂലായ്,ഓഗസ്റ്റ് മാസങ്ങളില്‍ തിമിര്‍ത്ത് പെയ്യുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിന്റേയും മലയാളികളുടേയും ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. മഴ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ പല ആളുകളുടേയും മനസ്സില്‍ ഭീതിയാണ് ഉണ്ടാവുന്നത്. ഈ അടുത്തകാലത്തുണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളുമായിരിക്കാം ഇതിന് കാരണം. പക്ഷേ കേരളചരിത്രം രൂപപ്പെടുത്തുന്നതില്‍ മണ്‍സൂണ്‍കാറ്റിന,മഴക്കുള്ള പ്രധാന്യം വളരെ വളരെ വലുതാണ്.

മണ്‍സൂണ്‍ എന്ന പദം മൗസിം എന്ന അറബി പദത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. സീസണ്‍ എന്നര്‍ത്ഥം വരുന്നതാണ് മൗസിം എന്ന അറബി പദം.
അറബിക്കടലിലൂടെ വീശുന്ന മണ്‍സൂണ്‍ കാറ്റിനെ പടിഞ്ഞാറുള്ള പശ്ചിമഘട്ടങ്ങള്‍ തടഞ്ഞുനിര്‍ത്തിയിട്ടാണ് നമുക്ക് മഴ ലഭിക്കുന്നത്. ഇത് നമ്മള്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ചതാണ്. പക്ഷേ പ്രകൃതിയിലെ ഈ ഒരു പ്രക്രിയ, അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള മനുഷ്യരുടെ ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിച്ചുവരുന്നു,നിര്‍ണ്ണയിച്ചുവരുന്നു.
അറബിക്കടല്‍ വഴിയാണ് കേരളത്തിന്റെ സമുദ്രാനന്തര വാണിജ്യബന്ധങ്ങള്‍ വളര്‍ന്നതും ശക്തിപ്പെട്ടതും. ഈ വാണിജ്യബന്ധങ്ങള്‍ കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ വാണിജ്യബന്ധങ്ങളുടെ ചരിത്രമാരംഭിക്കുന്നത് കേരളവും പശ്ചിമറോമാസാമ്രാജ്യ (14-476 CE) വും തമ്മിലുള്ള വാണിജ്യബന്ധത്തിലൂടെയാണ്.

ഒക്ടാവിയ സീസറിന്റെ (BCE 31-14 CE)കാലത്താണ് റോമാ സാമ്രാജ്യം ഒരു സാമ്രാജ്യം എന്ന വിശേഷണം അര്‍ഹിക്കുന്ന രൂപത്തില്‍ വളര്‍ന്ന് വികസിച്ചത്. ഒക്ടാവിയ സീസര്‍ സ്ഥാപിച്ച റോമാ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലം ക്രിസ്തുവിന് ശേഷമുള്ള ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലായിരുന്നു. ഈ രണ്ട് നൂറ്റാണ്ടുകളിലായിരുന്നു കേരളവും. റോമാസാമ്രാജ്യവും തമ്മിലുള്ള സമുദ്രാനന്തരവാണിജ്യബന്ധങ്ങള്‍ ശക്തിപ്പെട്ടത്.
ഈ വാണിജ്യബന്ധത്തിന്റെ ഉപദാനങ്ങളാണ് എ.ഡി. ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലെ ഗ്രീക്ക് / റോമന്‍ സാഹിത്യ വിവരണങ്ങള്‍ കേരളത്തില്‍ നിന്നു കണ്ടെടുത്ത റോമന്‍ നാണയങ്ങള്‍, സംഘസാഹിത്യ കൃതികളില്‍ പ്രത്യേകിച്ച് അകനാന്നൂറിലും പുറനാന്നൂറിലും ഉള്ള പരാമര്‍ശങ്ങള്‍ എ.ഡി.ഒന്നാം നൂറ്റാണ്ടിലെ ഭൂപടമായ പ്യൂട്ടിംഗെറിയാന ടാബുല എന്ന് അറിയപ്പെടുന്ന ടാബുല പ്യൂട്ടിംഗേരിയാന (റോമന്‍ സാമ്രാജ്യത്തിന്റെ റോഡ് വിന്യാസം കാണിക്കുന്ന ഒരു മാപ്പ)
ഗ്രീക്ക് റോമന്‍ റോമന്‍ വിവരണങ്ങളില്‍ മണ്‍സൂണ്‍ കാറ്റിനെ പരാമര്‍ശിക്കുന്നത് ഹിപ്പാലസ് കാറ്റ് എന്ന പേരിലാണ്. റോമന്‍ സെനറ്ററും ചരിത്രകാരനുമായ പ്ലിനി ദി എല്‍ഡറിന്റെ (ലോകചരിത്രത്തില്‍ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ് പ്ലീനി. (24-79 CE) പൂര്‍ണ്ണ നാമം : ഗായൂസ് പ്ലീനിയുസ് സെകൂന്തുസ്. പ്രകൃതിശാസ്ത്രം (ഹിസ്റ്റോറിയാ നാച്ചുറാലിസ്) എന്ന പേരില്‍ 37 വാല്യങ്ങള്‍ ഉള്ള ബൃഹത്തായ ഗ്രന്ഥത്തില്‍ 24993 അദ്ധ്യായങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ മകനും പ്ലീനി എന്ന് തന്നെയാണ് (Pliny The younger) അറിയപ്പെടുന്നത്) അഭിപ്രായത്തില്‍ കിഴക്കോട്ടേക്കുള്ള മണ്‍സൂണ്‍കാറ്റിന്റെ ഗതി കണ്ടെത്തിയത് ഹിപ്പാലസ് ആണ്. അത്‌കൊണ്ട് മണ്‍സൂണ്‍ കാറ്റ് ഹിപ്പാലസ് കാറ്റ് എന്ന പേരിലറിയപ്പെട്ടു. ഹിപ്പാലസിനെ കുറിച്ച് മറ്റ് വിവരണങ്ങളില്‍ ഗ്രീക്ക് റോമന്‍ വിവരങ്ങളില്‍ ലഭ്യമല്ല.

ആഫ്രിക്കയുടെ പടിഞ്ഞാറ് തീരത്ത് അടിക്കുന്ന മണ്‍സൂണ്‍ കാറ്റിന് അനുസൃതമായി കപ്പലുകള്‍ അഥവാ നൗകകള്‍ ചലിപ്പിച്ചാല്‍ സുരക്ഷിതമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറെ തീരത്ത് എത്തിച്ചേരാം എന്നുള്ള അറിവാണ് ഹിപ്പാലസ് റോമാസാമ്രാജ്യത്തിന് അല്ലെങ്കില്‍ പാശ്ചാത്ത്യലോകത്തിന് നല്‍കിയത്.
പ്ലിനിക്ക് പുറമേ പെരിപ്ലസ് ഓഫ് എറിത്രിയെന്‍ സീ എന്ന ഗ്രീക്ക് ഗ്രന്ഥത്തിലും ഹിപ്പാലസ് കാറ്റിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. എ ഡി 85 ല്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ഗ്രീക്ക് വ്യാപാരിയായിരുന്നു പെരിപ്ലസ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. പെരിപ്ലസ് ഓഫ് എറിത്രിയെന്‍ സീ എന്ന വാക്കിനര്‍ത്ഥം ചെങ്കടലിലൂടെയുള്ള ഒരു യാത്ര എന്നാണ്.
ഏപ്രില്‍ മാസത്തിന്റെ പകുതിയോടുകൂടി ആഫ്രിക്കന്‍ തീരത്ത് നിന്നും മണ്‍സൂണ്‍ കാറ്റ് വീശാന്‍ തുടങ്ങുന്നു. ഈ കാറ്റിനനുസരിച്ച് റോമാക്കാര്‍ തങ്ങളുടെ കപ്പലുകള്‍ അഥവാ നൗകകള്‍ ചലിപ്പിച്ചുകൊണ്ട് സുരക്ഷിതമായി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ മെയ് മാസം അവസാന ദിവസങ്ങളില്‍ അതായത് മണ്‍സൂണ്‍ മഴക്ക് തൊട്ടുമുമ്പ് എത്തിച്ചേര്‍ന്നു. പിന്നീട് മഴക്കാലം അവര്‍ കേരളത്തിലാണ് ചിലവഴിക്കുന്നത്. ഈ സമയത്താണ് അവര്‍ക്ക് പ്രിയപ്പെട്ട കുരുമുളക് ഉള്‍പ്പെട്ട പ്രകൃതി വിഭവങ്ങള്‍ ശേഖരിക്കുന്നത്

Comments